Sunday, October 12, 2008

ജനനം













വിചാരണയില്ലാത്ത
വിധി കഴിഞ്ഞ്
ആശുപത്രിയിടനാഴിയുടെ
അവസാനത്തെ
ഇരുട്ടുമുറിയിലെ മേശയില്‍
മരണം കാത്തുകിടക്കവെ,
അവളുടെ ഉദരം പിളര്‍ത്തി
ഞാന്‍ പുറത്തുകടന്നു...

Wednesday, October 8, 2008

മാറ്റം













മുന്‍പെവിടെയോ കളഞ്ഞുപോയ
ജീവിതത്തെക്കാള്‍ വിലപിടിച്ച
ആ ഒരു 'വാക്ക്'
അയാളില്‍ നിന്ന്
ഒരിയ്ക്കല്‍ക്കൂടി
ഞാന്‍ കാതോര്‍ത്തു,
ഇടയ്ക്കെപ്പോഴോ അയാള്‍
‍പിന്തിരിഞ്ഞെന്നറിഞ്ഞിട്ടും....

ഭാര്യയുടെ അസുഖം
വീട്ടിലെ കറവ വറ്റിയ പശു
ഉയരുന്ന ഭൂമിവില
മോട്ടോര്‍ സൈക്കിളിന്‍റെ മൈലേജ്
നാളത്തെ ഹര്‍‍ത്താല്‍
അയല്‍ക്കാരനുമായുള്ള വഴിത്തര്‍‍ക്കം,
എന്‍റെ വഴികളെ തെറ്റിച്ച്
പിന്നെയും വാക്കുകളുടെ സഞ്ചാരം....

രാത്രികളില്‍
താഴ്ന്നുകത്തുന്ന കുപ്പിവിളക്ക്
തഴപ്പായിട്ട ഇടുങ്ങിയ നടുവകത്ത്
പഴയ പുസ്തകങ്ങളുടെ ഗന്ധം...
അന്നു ഞങ്ങളെ ചൊല്ലിപ്പഠിപ്പിച്ച
വരാനിരിക്കുന്ന 'വിപ്ലവം'
ഇനിയുണ്ടാകില്ലെന്നുണ്ടോ, സഖാവേ
താങ്കളുടെ നാവില്‍ നിന്ന് പിറന്നില്ലെങ്കിലും....?

Monday, April 14, 2008

എരുമകളെ വളര്‍ത്തിയിരുന്ന ഞങ്ങളുടെ വീടുകള്‍..




2007 ഡിസംബറിലെ മയൂരി മാഗസിനില്‍ ശ്രീ. ജോയ് ജോസഫ് എഴുതിയ കവിതയുടെ പ്രസക്തഭാഗങ്ങള്‍.
പഴമയെ നെഞ്ചിലേറ്റുന്നവര്‍ക്കും, പോയകാലത്തെ കയ്പ്പും മധുരവും മറവിയോട് പൊരുതി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും, മുന്നോട്ടുള്ള ഈ പ്രയാണത്തില്‍ നേട്ടങ്ങളെക്കാളേറെ, നഷ്ടങ്ങളുടെ വിളവെടുപ്പാണെന്ന തിരിച്ചറിവുള്ളവര്‍ക്കും വേണ്ടി ഇത് പങ്കുവെയ്ക്കുന്നു.
.
.
അന്ന്
ഞങ്ങളുടെ വീടുകളില്‍
എരുമകളെ വളര്‍ത്തിയിരുന്നു.
കറുകറുപ്പുള്ള എരുമകള്‍.
...............................
...............................
അടയ്ക്കാമരങ്ങള്‍ക്കിടയിലെ
ശൂങ്കിരി മാവിന്‍റെ ചോടുകളില്‍
അവ ആകാശത്തേക്ക് നോക്കി
അയവെട്ടിക്കിടന്നു.
...............................
...............................
എരുമപ്പാല്‍
കടകോല് കയറുകെട്ടിക്കടഞ്ഞ്
ഞങ്ങളുടെ അമ്മമാര്‍
മോരും വെണ്ണയും ഉണ്ടാക്കി.
വെണ്ണയുരുക്കി
നറുനെയ്യ് കരുതിവച്ചു.
...............................
...............................
കറുകക്കാട്ടില്‍ എരുമയെ മേയ്ക്കുമ്പോള്‍
പുളിമരങ്ങളില്‍ കയറിയിരുന്ന് ഞങ്ങള്‍
അമ്പിളി അമ്മാവനും
പാടാത്ത പൈങ്കിളിയും വായിച്ചു.
എരുമകള്‍ പുല്ലുതിന്നുമ്പോള്‍
വെളിമ്പറമ്പുകളില്‍ ഞാനും,
കൊച്ചുകോവാലനും, കോയയും
തെങ്ങോല മെടഞ്ഞുണ്ടാക്കിയ
അച്ചാം പന്ത് കളിച്ചു,
ഇഞ്ചംകുളത്തില്‍ ഊളാക്കിട്ട് നടന്നു,
പുല്ലിന്‍പുറങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.
സന്ധ്യകളില്‍ ചോരചാറുമ്പോള്‍
അമ്പലത്തിലെ റെക്കോര്‍ഡുകള്‍
പാടവരമ്പുകള്‍ കടന്നെത്തുമ്പോള്‍
കുതികുണുക്കിപ്പക്ഷികള്‍
കൂടുകളിലേക്ക് മടങ്ങുമ്പോള്‍
കനാല്‍ ബണ്ടിലൂടെ
ഞങ്ങള്‍ എരുമകളെയും തെളിച്ച്
വീടുകളിലേയ്ക്ക് മടങ്ങി.
...............................
...............................
ഇന്ന്,
ഞങ്ങളുടെ കുട്ടികള്‍
നിങ്ങള്‍ എന്തിനാണ് വീടുകളില്‍
എരുമകളെ വളര്‍ത്തിയതെന്ന്
ചോദിക്കുന്നു.
വീടുകള്‍ എന്തുമാത്രം വൃത്തികേടായിട്ടുണ്ടാവും?
തൊഴുത്ത് എന്നാല്‍ എന്താണെന്നും
വൈക്കോല്‍ കൂനകള്‍ എന്തിനായിരുന്നെന്നും
ചാണകം മെഴുകിയ തറകളില്‍
നിങ്ങള്‍ എങ്ങനെ കിടന്നുറങ്ങിയെന്നും
അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ഞങ്ങളുടെ കുടുംബം
ഔട്ടിംഗിനു പോകുമ്പോള്‍
ബീഫ് ചില്ലി കഴിക്കുന്നതിന്‍റെ രസം മാത്രം
അവര്‍ നൊട്ടിനുണഞ്ഞു.

Friday, April 11, 2008

മഴപ്പെണ്ണ്.

അവള്‍ പറയുന്നു
മഴ പെണ്ണാണെന്ന്
എങ്കില്‍, ഞാന്‍ കടല്‍
ആഴമേറെയെങ്കിലും ശാന്തം.

മഴ പെണ്ണായിരിക്കാം
കാത്തിരിക്കുമ്പോള്‍
കാണാമറയത്തേക്കകന്ന്,
നിനച്ചിരിക്കാതെ
നിറസാന്നിദ്ധ്യമായി
നേരം തെറ്റി വരുന്നവള്‍.

പിരിയുവാന്‍ നേരം
മനസ്സില്‍
അസ്വസ്ഥതകളുടെ വിത്തുകള്‍‍ മുളപ്പിച്ച്,
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍
പുതിയ പേജുകള്‍ തുന്നിച്ചേര്‍ത്ത്
ചിരിച്ച്
മറ്റുചിലപ്പോള്‍
കരഞ്ഞ്..
ആര്‍ത്തലച്ച്...
മഴ പെണ്ണുതന്നെ.

കാറ്റിലാടിയുലഞ്ഞ്
തളിരിലകളില്‍ തൂങ്ങി
പൂമരങ്ങളെ തഴുകി
മണ്ണില്‍ പൊട്ടിച്ചിതറി
പുല്ലിനോട് പുന്നാരം പറഞ്ഞ്
വേരുകളുടെ ദാഹം തീര്‍ത്ത്
പുഴയെ പുണര്‍ന്നൊഴുകി
ഒടുവില്‍
നീയെത്തുന്നത്
എന്നിലലിയുവാന്‍ മാത്രമല്ലേ?
എന്നില്‍
അലിഞ്ഞില്ലാതാകുവാന്‍.