Monday, April 14, 2008

എരുമകളെ വളര്‍ത്തിയിരുന്ന ഞങ്ങളുടെ വീടുകള്‍..




2007 ഡിസംബറിലെ മയൂരി മാഗസിനില്‍ ശ്രീ. ജോയ് ജോസഫ് എഴുതിയ കവിതയുടെ പ്രസക്തഭാഗങ്ങള്‍.
പഴമയെ നെഞ്ചിലേറ്റുന്നവര്‍ക്കും, പോയകാലത്തെ കയ്പ്പും മധുരവും മറവിയോട് പൊരുതി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും, മുന്നോട്ടുള്ള ഈ പ്രയാണത്തില്‍ നേട്ടങ്ങളെക്കാളേറെ, നഷ്ടങ്ങളുടെ വിളവെടുപ്പാണെന്ന തിരിച്ചറിവുള്ളവര്‍ക്കും വേണ്ടി ഇത് പങ്കുവെയ്ക്കുന്നു.
.
.
അന്ന്
ഞങ്ങളുടെ വീടുകളില്‍
എരുമകളെ വളര്‍ത്തിയിരുന്നു.
കറുകറുപ്പുള്ള എരുമകള്‍.
...............................
...............................
അടയ്ക്കാമരങ്ങള്‍ക്കിടയിലെ
ശൂങ്കിരി മാവിന്‍റെ ചോടുകളില്‍
അവ ആകാശത്തേക്ക് നോക്കി
അയവെട്ടിക്കിടന്നു.
...............................
...............................
എരുമപ്പാല്‍
കടകോല് കയറുകെട്ടിക്കടഞ്ഞ്
ഞങ്ങളുടെ അമ്മമാര്‍
മോരും വെണ്ണയും ഉണ്ടാക്കി.
വെണ്ണയുരുക്കി
നറുനെയ്യ് കരുതിവച്ചു.
...............................
...............................
കറുകക്കാട്ടില്‍ എരുമയെ മേയ്ക്കുമ്പോള്‍
പുളിമരങ്ങളില്‍ കയറിയിരുന്ന് ഞങ്ങള്‍
അമ്പിളി അമ്മാവനും
പാടാത്ത പൈങ്കിളിയും വായിച്ചു.
എരുമകള്‍ പുല്ലുതിന്നുമ്പോള്‍
വെളിമ്പറമ്പുകളില്‍ ഞാനും,
കൊച്ചുകോവാലനും, കോയയും
തെങ്ങോല മെടഞ്ഞുണ്ടാക്കിയ
അച്ചാം പന്ത് കളിച്ചു,
ഇഞ്ചംകുളത്തില്‍ ഊളാക്കിട്ട് നടന്നു,
പുല്ലിന്‍പുറങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവെച്ചു.
സന്ധ്യകളില്‍ ചോരചാറുമ്പോള്‍
അമ്പലത്തിലെ റെക്കോര്‍ഡുകള്‍
പാടവരമ്പുകള്‍ കടന്നെത്തുമ്പോള്‍
കുതികുണുക്കിപ്പക്ഷികള്‍
കൂടുകളിലേക്ക് മടങ്ങുമ്പോള്‍
കനാല്‍ ബണ്ടിലൂടെ
ഞങ്ങള്‍ എരുമകളെയും തെളിച്ച്
വീടുകളിലേയ്ക്ക് മടങ്ങി.
...............................
...............................
ഇന്ന്,
ഞങ്ങളുടെ കുട്ടികള്‍
നിങ്ങള്‍ എന്തിനാണ് വീടുകളില്‍
എരുമകളെ വളര്‍ത്തിയതെന്ന്
ചോദിക്കുന്നു.
വീടുകള്‍ എന്തുമാത്രം വൃത്തികേടായിട്ടുണ്ടാവും?
തൊഴുത്ത് എന്നാല്‍ എന്താണെന്നും
വൈക്കോല്‍ കൂനകള്‍ എന്തിനായിരുന്നെന്നും
ചാണകം മെഴുകിയ തറകളില്‍
നിങ്ങള്‍ എങ്ങനെ കിടന്നുറങ്ങിയെന്നും
അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ഞങ്ങളുടെ കുടുംബം
ഔട്ടിംഗിനു പോകുമ്പോള്‍
ബീഫ് ചില്ലി കഴിക്കുന്നതിന്‍റെ രസം മാത്രം
അവര്‍ നൊട്ടിനുണഞ്ഞു.

6 comments:

Manoj | മനോജ്‌ said...

കവിതയ്ക്കായ് കാത്തിരിക്കുന്നു, പഥികനി-
പ്പവിത്രമാമാല്‍ത്തറയിലിളം കാറ്റുമേറ്റ്... :)

പോരാളി said...

ഓര്‍‌മ്മകളിലേക്കൊരു ഓട്ട പ്രദക്ഷിണം. പഴയതിന്റെ പെരുമയെത്ര മഹനീയം.നന്നായി ഈ പകര്‍‌ത്തല്‍‌.

siva // ശിവ said...

ഈ പോസ്റ്റിനു ഒരുപാട്‌ നന്ദി.

സസ്നേഹം,

ശിവ.

ബാബുരാജ് ഭഗവതി said...

എരുമ കവിതക്കു വിഷയമായതില്‍ സന്തോഷം

Jayasree Lakshmy Kumar said...

ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ മിഴിവുള്ള ചിത്രം വര്‍ണ്ണനകളില്‍

ആ ഭംഗി കാണാന്‍ കഴിയാത്ത പുതിയ തലമുറയുടെ ദയനീയ ചിത്രം അവസാന വരികളില്‍

Sapna Anu B.George said...

നല്ല വര്‍ണ്ണനാ ശൈലി