Friday, April 11, 2008

മഴപ്പെണ്ണ്.

അവള്‍ പറയുന്നു
മഴ പെണ്ണാണെന്ന്
എങ്കില്‍, ഞാന്‍ കടല്‍
ആഴമേറെയെങ്കിലും ശാന്തം.

മഴ പെണ്ണായിരിക്കാം
കാത്തിരിക്കുമ്പോള്‍
കാണാമറയത്തേക്കകന്ന്,
നിനച്ചിരിക്കാതെ
നിറസാന്നിദ്ധ്യമായി
നേരം തെറ്റി വരുന്നവള്‍.

പിരിയുവാന്‍ നേരം
മനസ്സില്‍
അസ്വസ്ഥതകളുടെ വിത്തുകള്‍‍ മുളപ്പിച്ച്,
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍
പുതിയ പേജുകള്‍ തുന്നിച്ചേര്‍ത്ത്
ചിരിച്ച്
മറ്റുചിലപ്പോള്‍
കരഞ്ഞ്..
ആര്‍ത്തലച്ച്...
മഴ പെണ്ണുതന്നെ.

കാറ്റിലാടിയുലഞ്ഞ്
തളിരിലകളില്‍ തൂങ്ങി
പൂമരങ്ങളെ തഴുകി
മണ്ണില്‍ പൊട്ടിച്ചിതറി
പുല്ലിനോട് പുന്നാരം പറഞ്ഞ്
വേരുകളുടെ ദാഹം തീര്‍ത്ത്
പുഴയെ പുണര്‍ന്നൊഴുകി
ഒടുവില്‍
നീയെത്തുന്നത്
എന്നിലലിയുവാന്‍ മാത്രമല്ലേ?
എന്നില്‍
അലിഞ്ഞില്ലാതാകുവാന്‍.

2 comments:

Jayasree Lakshmy Kumar said...

ഒരുപാടു കാര്യങ്ങളുള്ളിലൊളിപ്പിക്കുന്ന നിശ്ശബ്ദതയ്ക്ക്, കടലിന്
കുപ്പിവളക്കിലുക്കത്തിന്റെ കൊഞ്ചലും ആര്‍ത്തലച്ച കരച്ചിലുമുള്ള, അകപുറം കാണാവുന്ന മനസ്സുള്ള മഴയുടെ കൂട്ട്.
മഴയുടെ വര്‍ണ്ണന മനോഹരം. ഒരു സാധാരണ പെണ്ണിന്റെ ചാപല്യങ്ങളോടെ വരച്ചു കാട്ടുമ്പോള്‍, അതെ മഴ പെണ്ണു തന്നെ.
അവസാനം ഒഴുകി കടലില്‍ ചെന്നലിയുമ്പോള്‍ പൂര്‍ണ്ണത നേടുന്ന ശരാശരി പെണ്ണ്

Unknown said...

ishtamayi